08 February 2015

അരവിന്ദ് കെജ്രിവാളിന്റെ രണ്ടാമൂഴത്തിന്‍റെ സാദ്ധ്യതകള്‍ 

ജനാധിപത്യവും  മതേതരത്വവും സംരക്ഷിക്കപ്പെടേണ്ടത് ജനക്ഷേമത്തിന് അനുപേക്ഷണീയം എന്ന് വിശ്വസിക്കുന്നവര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ശുഭസൂചന നല്‍കുന്നു, എക്സിറ്റ് പോള്‍ ഫലങ്ങള്‍. കഴിഞ്ഞ തവണ വിജയിച്ചപ്പോള്‍ അധികാരം വിടട്ടൊഴിഞ്ഞോടി എന്ന് ബി. ജെ. പി. യും കോണ്‍ഗ്രസ്സും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും അതൊരു വലിയ അപരാധമായി- കഴിവുകേടായി പ്രചാരണത്തില്‍ ഉപയോഗിക്കുകയും ചെയ്തിട്ടും ജനങ്ങള്‍ അതൊന്നും കാര്യമാക്കിയതേയില്ല എന്ന് മനസ്സിലാക്കാം.

ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ പിന്നെ തങ്ങളുടെ വാഗ്ദാനങ്ങളൊക്കെ മറന്ന് എങ്ങനെയും അധികാരത്തില്‍ തുടരുകയാണ് ഏറ്റവും പ്രധാനം  എന്ന വികലമായ പൊതു ബോധത്തിന്  എതിരായിരുന്നു  അദ്ദേഹത്തിന്‍റെ നിലപാട്. വാഗ്ദാനങ്ങള്‍ പാലിക്കാതെ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരരുത് എന്നാണ് അദ്ദേഹം കരുതിയത്‌. 

ജന ലോക്പാല്‍ ബില്‍ പാസാക്കാനായില്ലെങ്കില്‍ അധികാരത്തില്‍ തുടരില്ല എന്ന് അദ്ദേഹം പറഞ്ഞു. അതുതന്നെ ചെയ്തു. അത് അല്‍പ്പം തിടുക്കപ്പെട്ട തീരുമാനമായിപ്പോയി എന്ന് അദ്ദേഹം തന്നെ പിന്നീട് കുറ്റസമ്മതവും  നടത്തി. 


കുറേക്കൂടി ശ്രമിച്ചിട്ട് ആകാമായിരുന്നു എന്ന് എല്ലാവര്‍ക്കും തോന്നി. എന്നിട്ടും കഴിഞ്ഞില്ലെങ്കില്‍, അധികാരത്തില്‍ തുടര്‍ന്നുകൊണ്ട്,  ബാക്കി വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിക്കാമായിരുന്നൂ എന്നും. ഒരു എണ്‍പത് ശതമാനം വാഗ്ദാനങ്ങള്‍ എങ്കിലും പാലിച്ചാല്‍ പോലും അത്  സാധാരണ ജനങ്ങള്‍ക്ക്  എത്ര ആശ്വാസമായേനെ.

ഭരണ സുതാര്യത ഉറപ്പുവരുത്താന്‍ ജനലോക്പാല്‍ പാസ്സാകേണ്ടത് അവശ്യം എന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ രാജി, എന്നുമുള്ള നിശ്ചയം; അദ്ദേഹം ഒരുതരം perfectionist ആയതുകൊണ്ടുണ്ടായ അപകടം. മുഴുവന്‍ വാഗ്ദാനങ്ങളും പാലിച്ചില്ലെങ്കില്‍ വഞ്ചന, പരാജയം എന്നൊക്കെ അദ്ദേഹം കരുതി. ഒരുപക്ഷെ, ജനലോക്പാലിനെ ചുറ്റിപ്പറ്റിയാണല്ലോ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ തുടക്കം തന്നെ,  അതുകൊണ്ടാവാം.


 ജയിച്ചുകഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെ "എന്ത് വന്നാലും ഞങ്ങള്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും "  എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം ആണയിടുകയും, അതിന് വേണ്ടി  എല്ലാ വാഗ്ദാനങ്ങളും മറക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളും, അഞ്ച്  വര്‍ഷം  തികക്കുന്നത് തന്നെ ഭരണ വിജയമായി അവതരിപ്പിക്കപ്പെടുകയും, അവരെ വീണ്ടും വീണ്ടും ജയിപ്പിക്കുകയും ചെയ്യുന്ന ജനങ്ങളും ഉള്ള നാട്ടില്‍. "എന്ത് വന്നാലും ഞങ്ങള്‍ വാഗ്ദാനങ്ങള്‍ പാലിക്കും" എന്ന് പറയുന്ന ഒരാള്‍, ഒരു പാര്‍ട്ടി, തികഞ്ഞ അപൂര്‍വതയാണ്.

അഞ്ച് സാദ്ധ്യതകളെങ്കിലും ഈ പ്രതീക്ഷിത വിജയം തുറന്നിടുന്നുണ്ട്.

ഒന്ന്: മറ്റ് പാര്‍ട്ടികളുടെ പരിപാടികളിലും അവയുടെ  മുന്‍ഗണനാ  ക്രമം,   സമീപനം, ഇവ തീരുമാനിക്കുന്നതിലും,  അത് മാറ്റത്തിന് പ്രേരണയാകും.

രണ്ട്: ഇനി തെരഞ്ഞെടുക്കപ്പെടുന്നവര്‍ "അധികാരത്തില്‍ തുടരാന്‍ വേണ്ടി വാഗ്ദാനങ്ങള്‍ മറക്കുന്നതോ  ? വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വേണ്ടി  അധികാരത്തില്‍ തുടരുന്നതോ അഭികാമ്യം ?"   എന്ന ചോദ്യം നിരന്തരം ചോദിച്ചുകൊണ്ടിരിക്കാന്‍ നിര്‍ബന്ധിതരാകും.

മൂന്ന്:  പാര്‍ട്ടി മാത്രം നോക്കി വോട്ട് ചെയ്യുന്ന രീതിക്ക് പകരം നിലപാടുകളും പ്രവര്‍ത്തന രീതിയും നോക്കി ജനങ്ങള്‍ വോട്ട് ചെയ്യാന്‍ തുടങ്ങും.

നാല്: നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലെ സത്യസന്ധത, സുതാര്യത ഇതൊക്കെ തെരഞ്ഞെടുപ്പില്‍ മുമ്പെന്നത്തേക്കാളും പരിഗണനാ വിഷയമാകും.

അഞ്ച്: അതുകൊണ്ട് തന്നെ എല്ലാ പാര്‍ട്ടികളിലുമുള്ള അത്തരം ആള്‍ക്കാര്‍ക്ക് കൂടുതലായി സ്ഥാനാര്‍ഥിത്വം ലഭിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യും.  അത് നിയമ നിര്‍മാണ സഭയുടെ സ്വഭാവം തന്നെ മാറ്റും.

വന്‍ വ്യവസായികള്‍ക്കും ധനികര്‍ക്കും ഭരണ വര്‍ഗത്തിനും മാത്രം പ്രയോജനം ചെയ്യുന്ന ഒരു ഭരണ സംവിധാനമായി ജനാധിപത്യം തുടരുന്നത് അവസാനിക്കും എന്ന ഒരു പ്രതീക്ഷയും ഇത് ഉണര്‍ത്തുന്നു.        


      

03 February 2015

7 reasons why 'Lalisom' was heavily criticized.
'ലാലിസം' (Lalisom) കഠിനമായി വിമര്‍ശിക്കപ്പെട്ടതിന്‍റെ 7 കാരണങ്ങള്‍ 



മോഹന്‍ലാല്‍, കൈപ്പറ്റിയ പണം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചപ്പോഴേക്കും, അദ്ദേഹത്തിന് പിന്തുണയുമായി വളരെപ്പേര്‍; ആദ്യം വിമര്‍ശിച്ചവര്‍ പോലും,  മുതലക്കണ്ണീരുമായി  വന്നിരിക്കുകയാണല്ലോ.

അദ്ദേഹത്തെ നവ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് കൊന്നു, എന്നും  മറ്റും  അവരെല്ലാം വിലപിക്കുന്നു. അങ്ങനെ വിചാരണ ചെയ്യാന്‍ മാത്രം നിസ്സാരനാണോ അദ്ദേഹമെന്ന് ചോദിക്കുന്നു .പിന്നെ  അദ്ദേഹത്തിന്‍റെ മഹത്വത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു, അദ്ദേഹത്തിന്‍റെ നടന വൈഭവത്തെക്കുറിച്ചും.

ദേശീയ ഗെയിംസ്-ന്‍റെ  ഉദ്ഘാടനച്ചടങ്ങില്‍ 'ലാലിസം' എന്ന പേരിലവതരിപ്പിച്ച കലാഭാസത്തെക്കുറിച്ച് ഫെബ്രുവരി ഒന്നാം തീയതി ഒരു വിമര്‍ശനക്കുറിപ്പ് ഞാനും എഴുതിയിരുന്നു. അതുകൊണ്ട് തന്നെ, ആ വിമര്‍ശനം, ആരാധകര്‍ ആരോപിക്കുന്നതുപോലെ, വെറും വ്യക്തി ഹത്യ ആയിരുന്നില്ല, എന്ന് വ്യക്തമാക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം ഉള്ളതുകൊണ്ടാണ്, വീണ്ടും ഈ കുറിപ്പ്.

വാങ്ങിയ പണം തിരികെ കൊടുത്താല്‍ തീരുന്നതാണോ ആ പ്രോഗ്രാം ഉണ്ടാക്കിയ നഷ്ടം.? അല്ലെങ്കില്‍ കലാ ലോകത്തിനുണ്ടായ മലിനീകരണം.? ഒപ്പം ആ ചടങ്ങിനുണ്ടായ ശോഭകേട്‌ ? ("To add glitter to the opening ceremony of the 35th National Games" എന്നായിരുന്നുവല്ലോ അവകാശവാദം അഥവാ പരസ്യം)

                         അല്ല, എന്നതിന്, ഞാന്‍ കാണുന്ന  7 കാരണങ്ങള്‍:

1. അദ്ദേഹം, വളരെ നല്ല നടനും വളരെ മോശം ഗായകനുമാണ്.

ശരിക്ക് പറഞ്ഞാല്‍ അദ്ദേഹം ഗായകനേ അല്ല. അഥവാ ഒരു നാലാംകിട ഗായകനായ അദ്ദേഹം ഈ സാഹസത്തിന് മുതിരരുതായിരുന്നു

അദ്ദേഹത്തിന്‍റെ അഭിനയ മികവ്  അദ്ദേഹത്തെ ഒരു വലിയ ഗായകനാക്കുന്നില്ല. അദ്ദേഹത്തെ ഗായകന്‍ എന്ന് പോലും വിളിച്ച് കൂടാ. അങ്ങനെ ചെയ്യുന്നത് ശരിക്കുള്ള ഗായകരെ അപമാനിക്കലാണ്.

ചില സിനിമകളുടെ വിപണന സാധ്യത വര്‍ദ്ധിപ്പിക്കാനോ അല്ലെങ്കില്‍  പാട്ടുകാരനല്ലാത്ത ഒരാളുടെ പാട്ട് ചിത്രീകരിക്കുന്നതിനു വേണ്ടിയോ ചില പടങ്ങളില്‍ അദ്ദേഹത്തെ പാടിച്ചത്‌, തന്‍റെ ആലാപനശേഷിയുടെ അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതിന്/തെറ്റിദ്ധരിപ്പിച്ചതിന് പ്രേക്ഷകര്‍ ഉത്തരവാദികളല്ല.

2. ഒരു അരങ്ങേറ്റ  (bebut)  പ്രോഗ്രാമിന് രണ്ട് കോടി രൂപ വില നിശ്ചയിച്ചത്  അഭിനയ രംഗത്തെ അദ്ദേഹത്തിന്‍റെ മികവ് പരിഗണി ച്ചിട്ടാണ് എന്നത് തീര്‍ച്ച.  എന്നാല്‍, ഇത് ഒരു നടന പരിപാടി അല്ല, ആലാപന പരിപാടിയാണ്, അതിന് അദ്ദേഹത്തിന് വൈദഗ്ദ്ധ്യം  ഇല്ല. അദ്ദേഹത്തിന്‍റെ ഒരു നടന പരിപാടിക്കായിരുന്നൂ ഈ വിലയിട്ടിരുന്നതെങ്കില്‍ ഒരാളും എതിര്‍ക്കുമായിരുന്നില്ല. എന്ന് മാത്രമല്ല അദ്ദേഹത്തെ പ്രതിരോധിക്കാന്‍ ഞാനും മുന്‍പന്തിയിലുണ്ടാകുമായിരുന്നു.

3. ഒരു ബാന്‍ഡ് -ന്‍റെ അരങ്ങേറ്റത്തിന്, ദേശീയ ഗെയിംസ് പോലെ ഇത്ര വലിയ ഒരു വേദി, ഇത്ര വലിയ തുകയ്ക്ക്, അനുവദിച്ചതില്‍ അഴിമതി സംശയിക്കുന്നതാണോ കുഴപ്പം? സംശയിക്കാതിരിക്കുന്നതാണോ കുഴപ്പം.?

4. സംഘാടകരുടെ നിര്‍ബന്ധം കാരണമാണ് 'ലാലിസം' ദേശീയ ഗെയിംസ്-ല്‍ അവതരിപ്പിച്ചതെന്ന്  മോഹന്‍ലാല്‍ പറഞ്ഞു. എങ്കില്‍ സംഘാടകരുടെ ഭാഗത്ത്‌ വന്‍ വീഴ്ച (അഴിമതി) സംശയിക്കാവുന്നതല്ലേ ? 

5. അദ്ദേഹത്തെക്കൊണ്ട് ഇക്കാര്യം നിര്‍ബന്ധിച്ച് ചെയ്യിച്ചിട്ട് വിമര്‍ശിക്കുകയാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ അത് വളരെ ക്രൂരമായിപ്പോയി എന്നതില്‍ തര്‍ക്കമില്ല. ഒരു കലാകാരനോട്‌ ചെയ്യുന്ന വലിയ പാതകമാണ് അത്.

6. പക്ഷെ, അപ്പോഴും ഒരു കാര്യം അവശേഷിക്കുന്നു. അദ്ദേഹം മുഖ്യ ഗായകനായി 'ലാലിസം' എന്ന ബാന്‍ഡ് അദ്ദേഹം ആരംഭിച്ചു. അതില്‍ മുന്‍പറഞ്ഞ കുഴപ്പം ഉണ്ട്. അദ്ദേഹം ബാന്‍ഡ് ഉടമസ്ഥനോ രക്ഷാധികാരിയോ ആകുന്നത് തീര്‍ച്ചയായും നല്ലത് തന്നെ. പക്ഷെ അങ്ങനെയോന്നില്‍ അദ്ദേഹം മുഖ്യ ഗായകനാകുന്നതാണ് കുഴപ്പം.       

7. അദ്ദേഹത്തിന്‍റെ മൂന്നാഴ്ചത്തെ അദ്ധ്വാനം, ആരും പരിഗണിക്കാതെ, തന്നെ വിമര്‍ശിച്ചൂ എന്ന്   അദ്ദേഹം വിലപിക്കുന്നു.

ഒരു പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത് അതിന്‍റെ പിന്നിലുള്ള സമര്‍പ്പണത്തിന്‍റെയോ അദ്ധ്വാനത്തിന്‍റെയോ അടിസ്ഥാനത്തിലാവരുത് . മറിച്ച് അത് സമൂഹത്തിന് എന്ത് ഗുണം ചെയ്തു എന്നതിന്‍റെ അടിസ്ഥാനത്തിലാവണം. അല്ലെങ്കില്‍ ഭീകര പ്രവര്‍ത്തനത്തെയും അംഗീകരിക്കേണ്ടിയും ആദരിക്കേണ്ടിയും വരും. കാരണം, അതിന്‍റെ പിന്നിലും  ഇതിനെക്കാളും വലിയ സമര്‍പ്പണവും അദ്ധ്വാനവും ആസൂത്രണവും  ഉണ്ട്.  ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതൊരുതരം കലാഭീകരതയായിരുന്നു. 

സ്വയം ഗായകര്‍ എന്ന് തെറ്റിദ്ധരിച്ചു വശായിട്ടുള്ള ഇനിയും ഒരുപാട് നടന്മാര്‍, മറ്റൊരു ഭാഷയിലും ഇല്ലാത്തത്ര, മലയാളത്തിലുണ്ട്. അവരും തങ്ങളുടേതായ രീതിയില്‍ മലയാള ഗാന ശാഖയെ ധര്‍ഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. മോഹന്‍ ലാലിനുണ്ടായ അനുഭവം അവരുടെയും കണ്ണ് തുറപ്പിച്ചിരുന്നൂ എങ്കില്‍?


[കഴിയുമെങ്കില്‍ ഫെബ്രുവരി ഒന്നിലെ പോസ്റ്റ്‌ കൂടി വായിക്കാനപേക്ഷ (ലാലിസം ('Lalisom') എന്ന, സേയ്ഡിസം (sadism) http://babuchoorakat.blogspot.com/2015/02/lalisom-sadism.html ) ]

01 February 2015

ലാലിസം ('Lalisom') എന്ന, സേയ്ഡിസം (sadism)



നാല്‍പ്പതിനായിരത്തിലധികം കാണികള്‍ സ്റ്റേയ്ഡിയത്തില്‍, രാജ്യത്തിന്‍റെ എല്ലാഭാഗത്തുമായി,ഒരുപക്ഷെ,വിദേശത്തുമായി അനേകലക്ഷം ആളുകള്‍ റ്റിവി-യില്‍, ദേശീയ ഗയിംസ്-ന്‍റെ ഉദ്ഘാടനച്ചടങ്ങ് വീക്ഷിച്ചു.


ഉല്‍ഘാടന വിളംബരത്തിനുശേഷം നടന്ന കലാ പരിപാടിക്ക് മൂന്ന് ഭാഗങ്ങളായിരുന്നു, ആദ്യത്തേത് കേരള ചരിത്രത്തെ സംബന്ധിച്ചത്; കുഞ്ഞാലി മരക്കാരുടെ വിദേശ ശക്തികളോടുള്ള ചെറുത്തുനില്‍പ്പിനെക്കുറിച്ച്. മരക്കാറായും narrator ആയും മോഹന്‍ ലാല്‍. രണ്ടും അതി മനോഹരം എന്നേ പറയേണ്ടൂ.


രണ്ടാം ഭാഗം, കേരളീയ വാദ്യ-(വിശേഷിച്ചും കൊട്ടു വാദ്യം) നൃത്ത-ആയോധന-പാരമ്പര്യ കലകളുടെ ആവിഷ്കാരം. സംഗീത സംവിധായകന്‍ ശരത്-ന്‍റെ നേതൃത്വത്തില്‍. ഫ്യൂഷന്‍ സംഗീതത്തിന്‍റെ ഗുണ-ദോഷങ്ങളോടെ അതും ഗംഭീരം.


മൂന്നാമതായി വരുന്നു ലാലിസം (Lalisom;India singing) എന്ന കലാഭാസം. ഭീതിയോടെ കാത്തിരുന്നതുകൊണ്ട് ലാലിന്‍റെ ആദ്യ പ്രഹരത്തില്‍ വേദനിച്ചെങ്കിലും ഞെട്ടിയില്ല.ഇവിടെയും മോഹന്‍ലാല്‍ തന്നെ narrator. അത് അദ്ദേഹം അതിമനോഹരമായി ചെയ്തു.


ഇനിയദ്ദേഹം പാടുകയില്ല narrator ആയി തുടര്‍ന്നുകൊള്ളും ഒരുപക്ഷെ അവസാനം ഒന്ന്, എന്ന് സ്വയം സമാധാനിപ്പിച്ച് ഇരിക്കുമ്പോളാണ് അടുത്ത പ്രഹരം. തകര്‍ന്നുപോയി.!


[(പ്രഗല്‍ഭരായ ഹരിഹരന്‍, ഉദിത് നാരായന്‍,എം.ജി. ശ്രീകുമാര്‍,കാര്‍ത്തിക്, സുജാത ,അല്‍കാ യാഗ്നിക് എന്നിവരും വെള്ളയണിഞ്ഞ് ലാലിനൊപ്പം വിലപിക്കാന്‍ രണ്ട് പെണ്ണുങ്ങള്‍ വേറെയും ഉണ്ടായിരുന്നല്ലോ)]


പിന്നെയും ധൈര്യം സംഭരിച്ച് കേട്ടുകൊണ്ടിരുന്നു. 'നായകന്‍' ലാലിന്‍റെ നിലവാരത്തിലേക്ക് പ്രഗല്‍ഭരും താണുകൊണ്ടിരുന്നു.


കുറെ പാട്ടുകള്‍ക്ക് ശേഷം ഇതാ വരുന്നു ലാല്‍, വീണ്ടും. ഇത്തവണ ഒറ്റ അടിയായിരുന്നില്ല. അദ്ദേഹത്തിന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ചുള്ള ഒരു കടന്നാക്രമണം.കൊന്ന് കൊലവിളിച്ചു. കൊലവിളി സഹിക്കാതായപ്പോള്‍, ആ കടന്നാക്രമണത്തിന് നിന്നുകൊടുക്കാതെ, റ്റി.വി. ഓഫ്‌ ചെയ്തു.


ലാലിസത്തിന് തീരെയില്ലാതിരുന്ന മറ്റൊന്നാണ് പ്രൊഫഷനലിസം, അതാണ്‌ മറ്റ് ഗായകരുടെയും underperformance- ന് കാരണമായത്‌.
ചടങ്ങില്‍ പ്രസംഗിച്ച വടക്ക് നിന്നുള്ള മന്ത്രിമാരും മറ്റും കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും ഗെയിംസ് ന്‍റെ സംഘാടനത്തെ കുറിച്ചും നിര്‍ലോഭം ചൊരിഞ്ഞ പ്രശംസകള്‍ക്ക് പകരം നാമവര്‍ക്ക്‌ കൊടുത്തത് ഇതും കൂടിയാണല്ലോ!


ഇത് മലയാളികള്‍ മാത്രമല്ലല്ലോ ലോകം മുഴുവന്‍ കണ്ടല്ലോ എന്ന് ദുഖിച്ച്, ലജ്ജിച്ച്, തലതാഴ്ത്തുന്നു- അദ്ദേഹത്തിന്‍റെ മുന്നിലും. ഇത് ഉള്‍പ്പെടുത്തിയ സംഘാടകരുടെ നൃശംസതക്ക് മുന്നിലും. വേറെന്ത് ചെയ്യാന്‍? പിന്നെ ആകെ ചെയ്യാവുന്നത് ഇതാണ്. അത് ഞാന്‍ ചെയ്യുന്നു.