17 July 2020

ഒാർമ്മക്കുറിപ്പ്

                               പ്രിൻസ്  സെബാസ്റ്റ്യൻ



കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പാടത്തിന്റെകരയിലാണ് ഞങ്ങളുടെവീട്. പാടത്തെ നനയ്ക്കുന്ന തോടും കൈത്തോടും കടന്നുവേണം മെയിൻ റോഡിലെത്താൻ. പാടവരമ്പത്തുകൂടി വഴിയിലേയ്ക്ക് നടക്കുമ്പോൾ ഒരു കാറ്റുണ്ട്, ചെറിയ നെൽച്ചെടികൾ തിരമാലപോലെ ഉലഞ്ഞുമറിയുന്ന  സമയം. നെല്ലിന് പൂങ്കുലവരുന്ന സമയത്തിന്  നാട്ടിൽ നെല്ല്കൊതുമ്പാകുക എന്നാണ് പറയാറ് . നെല്ലിന്റെ പരാഗണം നടക്കുന്ന സമയമാണിത്. ഈ കാറ്റിലാണ് ഓരോ നെൽച്ചെടിയും എത്രകതിർ, എത്രമണി ഉൽപ്പാദിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്.


പല ദിവസങ്ങളിലും ഞാനും വല്യമ്മയുംകൂടി ഈവരമ്പിലൂടെ അക്കരയ്‌ക്കൊരു യാത്രയുണ്ട്. ചില അയൽവീടുകളിലെ സെൻസസെടുക്കുക, ആരോഗ്യപ്രവർത്തകർ ചെന്നെത്താത്ത ഇടങ്ങളുണ്ടോ എന്നന്വേഷിക്കുക, പനിമൂലം ക്വാറന്റൈനിൽ കഴിയുന്നവർക്ക് വായ്ക്ക് രുചികിട്ടാനുള്ള കറിക്കൂട്ടുകൾ നിർദ്ദേശിക്കുക, പുതുതായിജനിച്ച പൗരന്മാരെ ഓമനിക്കുക തുടങ്ങിയ ജോലികളുടെ സന്നദ്ധസേവികയായിരുന്നു വല്യമ്മ. ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചന്റെ ഒരു നേർസഹോദരിയായി പലപ്പോഴുംതോന്നും. "ഔട്ട് സ്‌പോക്കൺ ". പറയാനുള്ളത് മക്കളോടായാലും, മരുമക്കളോടായാലും പണിക്കാരോടാണെങ്കിലും മുഖത്തുനോക്കി തുറന്നുപറയും. വല്യപ്പനോട് മാത്രം ഔട്ട് സ്‌പോക്കണില്ല. കാരണംഭയമല്ല, ബഹുമാനം.


ഞങ്ങൾചെല്ലുന്ന വീട്ടിലെ മുറ്റംഅടിയ്ക്കാതെകിടന്നാൽ, മുറ്റത്ത് കളകൾമുളച്ചുനിന്നാൽ "ഇവിടെ പെണ്ണുങ്ങളാരുമില്ലേ " എന്നൊരു ചോദ്യം വരും. പിന്നെ ഔട്ട് സ്പോക്കൺ രണ്ട് ഡയലോഗ് പിറകെയും. "പാറായിയുടെ പദവി, പാണൻ ശങ്കരന്റെ പൊറുതി " എന്ന ഉപമപാടിക്കഴിയുമ്പോൾ
വീട്ടിലെപെണ്ണുങ്ങൾ പിൻവാതിലിലൂടെ ഇറങ്ങിയോടി അപ്പോൾത്തന്നെ ചൂലെടുത്ത്  മുറ്റമടിക്കും. അല്ലെങ്കിൽ വല്യമ്മതന്നെ അടിച്ചിടും എന്നറിയാവുന്നതുകൊണ്ട്  ആസാഹസത്തിന് ആരും മുതിരാറില്ലായിരുന്നു.


പനിപിടിച്ച് മൂടിപ്പുതച്ച് പഞ്ഞംകിടക്കുന്നവനെ ഭീഷണിപ്പെടുത്തി കഞ്ഞികുടിപ്പിക്കുക ,അതിന് വേണ്ടി തേങ്ങചുട്ടരച്ച് ചമ്മന്തിയുണ്ടാക്കുന്നതിന്റെ ടെക്നിക്കൽവശം പറഞ്ഞുകൊടുക്കുക ഇവയൊക്കെ അടുത്ത ദൗത്യങ്ങളിൽ പെടും. പുതിയപൗരന്മാരെ  മാനേ മാൻകുഞ്ഞേ എന്ന് വിളിച്ചുള്ള ഒരു ഓമനിയ്ക്കൽ പിന്നെ ഒരു ഔട്ട്സ് പോക്കൺ " ഔതക്കുട്ടീ ഈ കൊച്ച് ഇപ്പോൾ വെളുത്തിരുന്നാലും കുറച്ചുകഴിയുമ്പം കറുത്തുപോകും. വീട്ടുകാരുടെ മുഖംവിളറും എന്നാലുംസംഗതി സത്യമായിരിക്കും." ഇവൾ മഹാ ആസാമിപ്പെണ്ണാ ഞാൻ എടുത്തപ്പത്തന്നെ കാറിയില്ലേ, "ഈ ചെറുക്കൻ നിങ്ങളെ നോക്കാനൊള്ളതല്ല കേട്ടോ മാമ്മീ "  ഇവനെയാരാടീ മറിയക്കുട്ടീ കുളിപ്പിച്ചേ... തല കൊട്ടുവടിപോലിരിക്കുന്നത്  എന്തിയേ?. 14 ദിവസം കുളിപ്പിച്ചപ്പം എന്നാ ഉരുട്ടിശരിയാക്കാഞ്ഞത്? ഇത്തരം പ്രശ്നോത്തരികൾ കഴിഞ്ഞ് മടങ്ങിപ്പോരുംവഴി പാടത്തെവരമ്പിലെ വാട്ടർറെഗുലേറ്ററായ കമ്മാകെട്ടിക്കൊണ്ട് ഞാൻചോദിച്ചു. " അമ്മയീ പനിപിടിച്ചു കെടക്കുന്നവനെയൊക്കെ കുത്തിപ്പൊക്കി കഞ്ഞികുടിപ്പിക്കാൻപോയാൽ അമ്മയ്ക്ക് വല്ല പനിയുംവരില്ലേ?" ആറ്കടന്നു തോടുകടന്നു ഇനി കമ്മാപുഴ കടക്കാനാണോ പാട് .
മൂന്നേമുക്കാൽ നാഴിക നേരത്തെ പൊറുതി യേ ഭൂമിയിലൊള്ളൂ അതിനിത്ര പേടിയ്ക്കാനെന്നായിരിക്കുന്നേ, വന്നുകഴിഞ്ഞു മറുപടി. ഞാൻ കൈകഴുകി വീണ്ടും വരമ്പിൽകയറുംവരെ എളിയ്ക്ക് കൈകൊടുത്ത് അങ്ങനെ നിന്നിട്ട് ഒരു ചോദ്യമുണ്ട് ഈപ്രാവശ്യത്തെ നെല്ലിന്റെകഞ്ഞി കുടിയ്ക്കാൻ ഞാനിരിക്കുമോ . ഇത് എത്രാമത്തെതവണയാണെന്ന് ഞാൻ എണ്ണിനോക്കി ഇതുംകൂടി കൂട്ടി എന്റെ ഓർമ്മയിൽ 22 റാം തവണ. കാരണം അന്നൊക്കെ വർഷം രണ്ട് കൃഷി ഉണ്ടായിരുന്നു.
മുറ്റത്ത്കയറിയപ്പോൾ കണ്ടു വീടിന്റെ രണ്ടോടുകൾ പട്ടികയിൽ നിന്ന് ഊർന്ന്പോന്നിരിക്കുന്നു. പെർഫെക്ഷന്റെ ആളാണ് പുള്ളിക്കാരി അതിനുവേണ്ടി പ്രയോഗിക്കാനുള്ള വെടിമരുന്നുകളെല്ലാം സ്റ്റോക്കായി ശ്ലോകങ്ങൾ വച്ചിട്ടുണ്ട്. പാടിക്കഴിഞ്ഞു
"കാര്യം വീര്യം പമ്പരം കോണകം കണ്ടാൽ ചാണകം പോലെ " കേട്ടുനിന്ന എന്റെ അപ്പൻ വേഗം ഗോവണിവച്ച് ഓടുകൾശരിയാക്കിയിട്ടു.അടുത്ത ശ്ലോകം വേഗംവരുമെന്നും അത് ഇതിലുംകനത്തതാവും എന്നും റിയാവുന്നതു കൊണ്ട്.



അമ്മയ്ക്ക് മക്കൾ പത്താണ് . പത്ത് പെറ്റാൽ സർവ്വപാപവുംതീർന്നു എന്നാണ് ഞങ്ങളുടെ നാട്ടിലെ പൊതു അഭിപ്രായം. എന്നാൽ അമ്മയുടെഅഭിപ്രായം മറിച്ചായിരുന്നു. പ്രസവംഅത്ര വലിയ സംഭവമൊന്നുമല്ല.  ഓശാനഞായറാഴ്ച പള്ളിയിൽപോകാനിറങ്ങിയപ്പോഴാണ് ഒരു അരുതായ്ക. ഓടിപ്പോയി മൂത്തമകൾ ഉൾശിത്തായെ പ്രസവിച്ചത്. ഇത്തിരി പ്രയാസം രണ്ടാമത്തേതിനാരുന്നു പെറുന്നെങ്കിൽ പെറ് ഇല്ലെങ്കിൽ വിളക്കൂതും എന്ന് അപ്പൻ ദേഷ്യപ്പെട്ടപ്പോഴന്നേരെ മറിയക്കുട്ടി ഉണ്ടായി. ഞാൻ ചക്കവെട്ടി പെറുക്കിയിട്ട്  മുളകരച്ചോണ്ട് നിന്നപ്പം പോയി ഉടനെഉണ്ടായതാ കുഞ്ഞി ലോ , ഓണത്തിന്റന്ന് പായസംവച്ചോണ്ടിരുന്നതിന്റെടേല് കട്ടിലേകേറി കെടന്നതോർമ്മയുണ്ട് പിന്നെ കുഞ്ഞേപ്പിനെ എടുത്ത് കൈയിൽ പിടിച്ചോണ്ട് പുറത്തുവന്നപ്പം പായസംകരിയാതെ അപ്പൻ എളക്കിക്കോണ്ട് നിക്കുവാരുന്നു. പിന്നെ നാല് കൊല്ലംകഴിഞ്ഞ് ഏസാവൊ ണ്ടായി എല്ലാം കഴിഞ്ഞന്നുംപറഞ്ഞ് വയറ്റാട്ടിപോയി അരമണിക്കൂറ്കഴിഞ്ഞില്ല ഒരുപായ്ക്കറ്റിൽ പൊതിഞ്ഞ് ഒരുകൊച്ചും കൂടി. അതാ യാക്കോബ് "ഇരട്ടകൾ " . പിന്നെ ദേവസ്യ, അത്കഴിഞ്ഞ് അന്ന എല്ലാംകഴിഞ്ഞ് കാലോം കഴിഞ്ഞ് കാവിയും കൂവിക്കഴിഞ്ഞൊണ്ടായതാ മത്തനും ഏലിക്കുട്ടീം.



വല്യപ്പന്റെ സത്യാരാധനപ്പുസ്തകത്തിന്റെ അവസാനപേജിൽ മക്കളുടെപേരും, പഴയ മലയാള അക്കത്തിൽ ജനനത്തിയതിയും എഴുതിവച്ചിരിക്കുന്നത് ഞാൻകണ്ടിട്ടുണ്ട്. ആദ്യത്തെ ഏഴ് പേരുടെ പേരുകൾ മഷികൊണ്ടും അവസാനത്തെ മൂന്ന് പെൻസിലുകൊണ്ടും. അവസാനമായപ്പോൾ എഴുതിയെഴുതി മഷി പോലും തീർന്നല്ലേ എന്ന് ഞാൻ അമ്മയോട് ചോദിച്ചു . "പോടാ കുതികാലുവെട്ടി എന്നുപറഞ്ഞ് കുത്തിനടക്കുന്നവടി എൻറനേരേ ഓങ്ങും. ഈ പേരുകൾ മറന്നു പോകാതിരിക്കാൻ ഒരുകോപ്പി അപ്പൻ കതകിന്റെ ഒരുപാളിയുടെപിറകിലും എഴുതി സൂക്ഷിച്ചിട്ടുണ്ടായിരുന്നു.. മറ്റേ പാളിയിൽ പാടത്ത് ഓരോതവണ വിത്തുവിതച്ച ദിവസവും വിത്തിന്റെ ഇനo - കൈമ, ഇത്തിക്കണ്ണൻ, ചെമ്പാവ്, കൾച്ചർ എന്നിങ്ങനെ ചോക്കു കൊണ്ട് മായിച്ചെഴുതിയിരുന്നു.


"അമ്മയ്ക്കീമക്കളിൽ ആരോടാ കൂടുതൽപ്രിയം ഞാൻ ഇടയ്ക്കിടെചോദിക്കും " അമ്മ ഒരിയ്ക്കലും പിടിതരാതെ എന്റെ രണ്ടുകയ്യും ചേർത്തുകൂപ്പിപിടിച്ചിട്ട് പത്തുവിരലുകളിലും പിടിച്ചിട്ട് അമ്മ തിരിച്ചുചോദിക്കും നിനക്കിതിൽ  ഏതുവിരലിനോടാടാ കൂടുതലിഷ്ടം ?പലതവണ ഇതാവർത്തിച്ചപ്പോൾ എനിയ്ക്കൊരു കാര്യംമനസിലായി അമ്മ ഇതിൽ ഏതോ ഒരുവിരലിൽ കൂടുതൽ ഞെക്കിപിടിയ്ക്കുന്നുണ്ട്. ഏതാണാവിരലെന്ന് കണ്ടുപിടിയ്ക്കാനായിരുന്നു പിന്നീടെന്റെ ശ്രമം. അത് ചെന്നെത്തി നിന്നത് വലതു കയ്യുടെ മോതിര വിരലിലായിരുന്നു.. നാലു കൊല്ലം അമ്മിഞ്ഞപ്പാൽ കുടിച്ചയാളു തന്നെയായിരുന്നു അമ്മയുടെ ഹൃദയത്തോട് ചേർന്ന് നിന്നിരുന്നതെന്നും അമ്മിഞ്ഞപ്പാലിന്റെ ഗന്ധവും അതിന്റെ ബന്ധവും അഗ്രാഹ്യമായ ചില സത്യങ്ങളിലാണ് ചെന്നെത്തുന്നതെന്നും ഞാനറിഞ്ഞു.  ആരോടും പറയാത്ത ഒരു രഹസ്യം ആയുസിന്റെ അവസാന യാമത്തിൽ വെളിപ്പെടുത്തപ്പെട്ടതിന്റെനൊമ്പരത്തിൽ അമ്മ എന്റെതലയിൽ പതിയെ തടവിയിട്ട് ഊന്നുവടി ഊന്നി അടുക്കളയിലേയ്ക്കുപോയി.


മുറ്റത്തിന്റെ അരമതിലിലിരുന്ന് വാഴയിലയിൽചുട്ട അട ഒടിച്ച് എനിയ്ക്ക് തന്നുകൊണ്ട് ആസംഭവം അമ്മ ഓർത്തെടുത്തു. അക്കാലത്ത് ബാർബർ വീട്ടിൽവന്നാണ് എല്ലാവരുടെയും മുടിവെട്ട്. മുടി വെട്ടുകയല്ല മൊട്ട വടിയ്ക്കുക, കുഞ്ഞേപ്പിന് അന്ന് പത്ത് വയസ്. പുള്ളിമാത്രം മൊട്ടയടിക്കാൻ സമ്മതിച്ചില്ല. പിനുസം വെട്ടണം. കുറച്ചുമുടി മുൻപിൽ നീളംകൂട്ടിനിർത്തി ബാക്കി നീളംകുറച്ച് വെട്ടുക അതാണ് പിനുസം . വെട്ടുകാരൻ പോയിക്കഴിഞ്ഞ് അപ്പൻവന്നപ്പോൾ അഞ്ച് മൊട്ടയും ഒരു പിനുസവും. മുറ്റത്തെ മണലിൽ മുട്ടേൽനിർത്തി കാളച്ചാട്ടയ്ക്ക് പന്ത്രണ്ടി. ഒന്നുകുറയാതെ എല്ലാം പൊട്ടി ചോര നിലംമുട്ടി ഒഴുകി. ബാർബർ പോയ അടുത്തവീട്ടിൽ ചെന്ന് മുടിവടിച്ച് വരുന്നതുവരെ അപ്പൻ ചാട്ടതാഴെവെച്ചില്ല. ഒരു അടിയ്ക്കും അമ്മ തടസ്സംപിടിച്ചില്ല. - അപ്പൻ തല്ലുന്നത് നന്നാവാനാണ്. അതായിരുന്നു അപ്പനായിരുന്നു  അമ്മയുടെ ശരി.


മൊട്ടയടിച്ച് കുത്തിയിരുന്ന് നിരങ്ങി തിരിച്ചുവരുന്ന കുഞ്ഞേപ്പിനെ കണ്ടിട്ട് എന്റെ ഇടനെഞ്ചൊന്ന് നീറി. അവനെന്നെ കെട്ടിപ്പിടിച്ചൊരുകരച്ചിലും. രണ്ടുമാസം എണ്ണകരിച്ചുപുരട്ടിയാണ് ഞാനാ മുറിവുകരിച്ചത്. അന്ന് ഞാനപ്പനോട്  ഇത്തിരി കൂടിപ്പോയി എന്ന് പറയാൻവന്നപ്പോൾ അപ്പനാ തിരുഹൃദയത്തിന്റെ മുമ്പിൽ നിന്ന് ഏങ്ങലടിക്കുന്നു. പിന്നെ ഞാനൊന്നും പറയാമ്പോയില്ലാ. പക്ഷേ പിന്നെ അപ്പൻ അവനെതല്ലിയിട്ടില്ല. വേറെ ഏതുപിള്ളേരാണേലും അവസാനം വടിയേകേറി പിടിച്ചേനെ അല്ലേ കാറുകയെങ്കിലുംചെയ്തേനെ. അന്ന് ഞാനവനെ സമ്മതിച്ചുകൊടുത്തതാ .
അടയുടെ കരിഞ്ഞവാഴയില ചുരുട്ടിവാച്ചിലിലേയ്ക്കെറിഞ്ഞിട്ട് അമ്മ പരമ്പിൽ ഉണക്കാനിട്ടനെല്ല് കൊത്തിത്തിന്നുന്നകോഴികളെ ശൂ... കോഴി ശൂ... കോഴി - പറഞ്ഞോടിച്ചു, കൂടെ ചിലസങ്കടഓർമകളെയും.

                                                             


No comments:

Post a Comment