ഒരു കുറ്റവാളിക്ക് രാജാവ് ശിക്ഷവിധിച്ചു; 51 അടി കൊള്ളണം അല്ലെങ്കില്‍ 51 ഉള്ളി തിന്നണം. രണ്ടായാലും ഇടവേളയില്ലാതെ ചെയ്യണം.
അയാള്‍ വിചാരിച്ചു; അടി വേണ്ട, വേദന താങ്ങാന്‍ പറ്റില്ല, തൊലി ഉരിയുകയും ചെയ്തേക്കാം. ഉള്ളി തിന്നാം, അത് സുഖകരമല്ലെങ്കിലും ചെയ്യാവുന്നതേയുള്ളൂ, വേദനിക്കില്ലല്ലോ.
അയാള്‍ ഉള്ളി തിന്നാന്‍ തുടങ്ങി. ഒന്നുരണ്ടെണ്ണം കഴിഞ്ഞപ്പോളേക്കും അസഹനീയമായിത്തുടങ്ങി. എങ്കിലും അടി ഭയന്ന് തീറ്റ തുടര്‍ന്നു. പകുതി പോലും ആകുന്നതിന് മുമ്പേ വായും കണ്ണും നീര്‍ വന്ന് ചുവന്നു. തീറ്റ കൂടുതല്‍ അസഹ്യമായി. പോകെപ്പോകെ തീരെ വയ്യെന്നായി. അയാള്‍ ഓര്‍ത്തു. അടി വാങ്ങുന്നതാവും ഭേദം. നിന്ന് കൊണ്ടാല്‍ മതിയല്ലോ, പെട്ടെന്ന് തീരുകയും ചെയ്യും.
അയാള്‍ പറഞ്ഞു "എനിക്കിനി ഉള്ളി തിന്നാന്‍ വയ്യേ, ഞാന്‍ അടി കൊണ്ടോളാം"
അയാള്‍ അടികൊള്ളാന്‍ തുടങ്ങി. ഓരോ അടിയും പുറം പോളിക്കുന്നുണ്ട് വേഗം തീരുമല്ലോ പിന്നെ സ്വതന്ത്രനാണല്ലോ എന്ന് കരുതി സഹിച്ചു നിന്നു. വളരെ വേഗം അടി അസഹ്യമായി. താങ്ങാന്‍ വയ്യാതായപ്പോള്‍ അയാള്‍ വിചാരിച്ചു, ഉള്ളി തിന്നാം അതാണ് ഭേദം.
അയാള്‍ പറഞ്ഞു "അയ്യോ എനിക്കിനി അടി കൊള്ളാന്‍ വയ്യാ, ഞാന്‍ ഉള്ളി തന്നെ തിന്നോളാം "
അയാള്‍ വീണ്ടും ഉള്ളിതിന്നാന്‍ തുടങ്ങി, മുഴുമിക്കും മുമ്പേ വീണ്ടും അടി കൊള്ളാന്‍ തീരുമാനിക്കും. പിന്നെ അടി കൊള്ളലായി. അത് സഹിക്കാനാവാതെ വീണ്ടും ഉള്ളി തിന്നാന്‍ തുടങ്ങും. വീണ്ടും അടി പിന്നെ ഉള്ളി, അടി, ഉള്ളി, ഇതിങ്ങനെ മാറി മാറി സഹിച്ചതല്ലാതെ അയാളുടെ ശിക്ഷ ഒരിക്കലും തീര്‍ന്നില്ല.
ഇങ്ങനെ ഉള്ളി തിന്നാനോ അടി കൊള്ളാനോ മാത്രം വിധിക്കപ്പെട്ടവരാണ് മലയാളികള്‍ എന്ന് അവര്‍ സ്വയം തെറ്റിദ്ധരിച്ചിരിക്കുകയല്ലേ എന്ന് തോന്നും ഓരോ തെരഞ്ഞെടുപ്പും കഴിയുമ്പോള്‍.
ഒരിക്കല്‍ UDF -നെ നോക്കും. അവരെ സഹിക്കാതാവുമ്പോള്‍ LDF -നെ. അവരെ സഹിക്കാതാവുമ്പോള്‍ വീണ്ടും UDF, പിന്നെ LDF. ശിക്ഷ അവസാനിക്കുന്നതേയില്ല.
ഇത് രാജ ഭരണമോ നമ്മള്‍ ഈ ശിക്ഷ വിധിക്കപ്പെട്ടവരോ അല്ല എന്ന് നാം എന്നാണ് മനസ്സിലാക്കുക ?
ഇത്തവണ ഒരു മൂന്നാം ചേരി ഉണ്ടല്ലോ. അതോ ? അത്, കൂടുതല്‍ ഭീകരമായ ശിക്ഷയാണെങ്കില്‍ പിന്നെന്തു ചെയ്യും ?
ജനങ്ങള്‍ക്ക് ശിക്ഷയാകാത്ത AAP പോലുള്ള സാദ്ധ്യതകള്‍ ഉപയോഗിക്കാത്തിടത്തോളം കാലം ഈ ഉള്ളിയും അടിയും മാത്രമേ നമുക്ക് ലഭിക്കൂ.
കടപ്പാട് :സത്യമേവ ജയതേ -സീസണ്‍ രണ്ട്.

No comments:
Post a Comment