കേരളത്തിലെ മദ്യ നിരോധനം
നിരോധനം കൊണ്ട് നിര്‍ത്താന്‍ കഴിയാത്തതാണ് മദ്യപാനം , അതുകൊണ്ട് അതിന്‍റെ വിപണനത്തില്‍നിന്ന് ഗവണ്മെണ്ട് പിന്മാറരുത്, ബാറുകള്‍ തുറപ്പിക്കണം എന്ന് പറയുന്നത് ശുദ്ധ ഭോഷ്കാണ്. ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യം ചെയ്യുന്നതും അത് legalize ചെയ്യുന്നതും വലിയ അപരാധമാണ്
ലോകത്ത് ഒരു തെറ്റായ പ്രവര്‍ത്തിയും നിരോധനം കൊണ്ട് നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല; കഴിയുകയുമില്ല. അതൊക്കെ ചെയ്യുന്നവര്‍ ചെയ്തുകൊണ്ടേയിരിക്കും. തീവ്രവാദ പ്രവര്‍ത്തനം മയക്കുമരുന്ന് നിര്‍മാണ വിപണനം ... ഒക്കെ; പക്ഷെ, അതൊക്കെ പ്രോത്സാഹിപ്പിച്ചുകൂടാ, legitimize ചെയ്തുകൂടാ. നിരുല്‍സാഹപ്പെടുത്തണം. നിരോധനം, ഇല്ലാതാക്കല്‍ അല്ല, നിരുല്‍സാഹപ്പെടുത്തലാണ്. പൊതു സമൂഹം അത് അംഗീകരിക്കുന്നില്ല എന്ന് പറയലാണ്.
അല്ലെങ്കില്‍ പിന്നെ എല്ലാം അങ്ങ് അനുവദിച്ചു കൊടുക്കാം ! മദ്യപാനം, മയക്കുമരുന്ന് ഉപയോഗം ...എല്ലാം. എന്തായിരിക്കും ഫലം ? അടുത്തയിടെ, അമേരിക്കയിലെ ചില സ്റ്റേറ്റ്-കള്‍ Marijuana, legalize ചെയ്തു എന്താണ് ഫലമെന്ന് ഈ ലിങ്കില്‍ വായിച്ചു നോക്കൂ.7 Harmful Side Effects Marijuana Legalization Has Caused in Colorado ഇത് വായിച്ചപ്പോളാണ് ഈ കുറിപ്പെഴുതാന്‍ തോന്നിയത്. സമാന ഫലമായിരിക്കും ഇവിടെയും ഉണ്ടാവുക.
മദ്യത്തിനുവേണ്ടി വാദിക്കുന്നവര്‍ അതിന്‍റെ ലാഭം കൊയ്യുന്നവരും അതിന്‍റെ അടിമകളുമാണ് . അത് ഒരു ന്യൂന പക്ഷമാണ്. സമ്പാദ്യം മുഴുവന്‍ മദ്യത്തിനു ചെലവാക്കുന്നവര്‍ക്കേ നഷ്ടമുള്ളൂ ഇതുമായി ബന്ധപ്പെട്ട ബാക്കിയെല്ലാവര്‍ക്കും ലാഭം മാത്രമേയുള്ളൂ. അവരതിനുവേണ്ടി വാദിച്ചുകൊണ്ടിരിക്കും.
സ്ത്രീ പീഡകരെ ശിക്ഷിക്കരുത് അവരെ ഉപദേശിച്ചു നേരെയാക്കുകയാണ് വേണ്ടത് എന്ന് പറയുന്നതു പോലെ വിവരക്കേടാണ്. മദ്യം നിരോധിക്കുകയല്ല മദ്യപരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് വേണ്ടതെന്ന് പറയുന്നത്. എങ്ങനെ പിന്തിരിപ്പിക്കും? നമുക്ക് എമ്പാടും മദ്യമൊഴുക്കാം എന്നിട്ട് അതിന്‍റെ ദോഷ വശങ്ങളെക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കാം. നന്നായി, അതത്ര ദോഷമാണെങ്കില്‍ നിരോധിക്കുക തന്നെയല്ലേ വേണ്ടത്? അല്ലെങ്കില്‍ അത് നല്ലതാണ് എല്ലാവരും വാങ്ങിക്കഴിക്കുവിന്‍ എന്ന് പറയുന്നതാവും ഭേദം.
യഥാര്‍ത്ഥത്തില്‍ മദ്യ വ്യവസായം നമുക്ക് നല്‍കുന്നതെന്താണ് ? മദ്യവും തൊഴിലും വരുമാനവും മാത്രമാണോ ? മാറാരോഗങ്ങളും താങ്ങാനാവാത്ത ചികിത്സ ചിലവും അപകടങ്ങളും കുടുംബ-വ്യക്തി ബന്ധങ്ങളുടെ തകര്‍ച്ചയും കൂടി അല്ലേ ... അതെന്തേ ആരും കണക്കിലെടുക്കാത്തത് ?. മദ്യ വ്യവസായത്തില്‍ നിന്ന് ആകെ കിട്ടുന്ന വരുമാനത്തിന്‍റെ എത്രയോ മടങ്ങാണ് അത് !
ആകെക്കൂടി ഇത് ഒരു നെഗറ്റീവ് ബിസ്സിനെസ്സ് ആണ്. ഇത് ജനക്ഷേമം നോക്കേണ്ട ഗവണ്മെണ്ട് തീര്‍ച്ചയായും ചെയ്യാമോ? മറ്റുള്ളവരെ ചെയ്യാനനുവദിക്കാമോ?
ഇത്രയും മദ്യാസക്തി ഈ ഉഷ്ണ ദേശത്ത് പാര്‍ക്കുന്ന മലയാളിക്ക് വന്നതെങ്ങനെയോ? പരിഷ്കാരത്തിന്‍റെ ഭാഗമായി വന്നതാവണം. സ്ഥിര ബുദ്ധി ഇല്ലാത്ത ആളുടെ കയ്യില്‍ മാരകായുധം കിട്ടിയ അവസ്ഥയിലാണ് മദ്യം കിട്ടിയ മലയാളി. കാലാവസ്ഥയോ ശാരീരിക സ്ഥിതിയോ ഇനമോ അളവോ ഒന്നും പരിഗണിക്കാതെയുള്ള ഒരു വെട്ടി വിഴുങ്ങലാണ് എപ്പോഴും നടക്കുക. ഫലമോ സ്വയം നശിക്കുകയും ചുറ്റുമുള്ളവരെ നശിപ്പിക്കുകയും.
ഏതായാലും ഇനി എന്ത് എന്ന് കാത്തിരുന്ന് കാണാം. ലാഭം ഉണ്ടാക്കിക്കൊണ്ടിരുന്നവര്‍ ഏതായാലും വെറുതെയിരിക്കുകയില്ല; അതിന്‍റെ പങ്കുപറ്റിക്കൊണ്ടിരുന്നവരും.
No comments:
Post a Comment