02 April 2014




 
യാത്രികനും യുവാവും



കുറെ നാള്‍ മുമ്പ് ഒരാള്‍ കാശി സന്ദര്‍ശിക്കാന്‍ പോയി. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയപ്പോള്‍ ഒരു യുവാവ് തെളിഞ്ഞ ചിരിയോടെ, അതിവിനയത്തോടെ മുന്നില്‍ വന്ന് പാദനമസ്കാരം ചെയ്തിട്ട് പറഞ്ഞു :
"അമ്മാവനെന്നെ അറിയില്ലെ" ?
അയാള്‍ പറഞ്ഞു "ഇല്ല ഒരു പരിചയവും തോന്നുന്നില്ല.”
"ഞാനല്ലേ …..." -യുവാവ് അയാളുടെ ബന്ധുവാണെന്ന് സ്വയം പരിചയപ്പെടുത്തി.
യാത്രികന്‍ വിചാരിച്ചു ; 'ങ്ഹാ... ഒരു കൂട്ടായല്ലൊ' 'ഒരു സഹായവും.'
യുവാവ് യാത്രികന്റെ ബാഗ് വാങ്ങി മുന്നില്‍ നടന്ന് പറഞ്ഞു :
"വരൂ അമ്മാവാ"... അയാള്‍ സന്തോഷത്തോടെ യുവാവിനൊപ്പം നടന്നു.
യുവാവ് അയാളെ പ്രധാന ക്ഷേത്രങ്ങളും പുണ്യ സ്ഥലങ്ങളും എല്ലാം കൊണ്ടുപോയി കാണിച്ചു. എന്നിട്ട് ചോദിച്ചു :
"അമ്മാവാ ... ഗംഗാസ്നാനം ചെയ്യണ്ടെ"..?
"വേണം, കാശിയില്‍ വന്നിട്ട് ….”
സ്നാന ഘട്ടത്തില്‍ എത്തിയപ്പോള്‍ അയാള്‍ ചോദിച്ചു :
"മോന്‍ ഇറങ്ങുന്നില്ലെ" ?
"ഇല്ല, അമ്മാവന്‍ കുളിച്ചു വരു, ഞാന്‍ ബാഗ് സംരക്ഷിച്ച് ഇവിടെ ഇരിക്കാം.”
അയാള്‍ ഗംഗയിലിറങ്ങി. എല്ലാം ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച്, മൂന്ന് വട്ടം മുങ്ങി പൊങ്ങി. നോക്കുമ്പോള്‍ യുവാവിനെ കാണാനില്ല ; ബാഗും. അയാള്‍ കരയ്ക്ക് കയറി എല്ലായിടവും തിരഞ്ഞു. കണ്ടില്ല അവിടെ കണ്ടവരോട് ചോദിച്ചു :
"ഒരു കറുത്ത ബാഗുമായി ഇവിടെ ഇരുന്ന ഒരു യുവാവിനെ കണ്ടോ" ?.
"ഏത് യുവാവ് " ?
".. ഇന്ന് രാവിലെമുതല്‍ എന്റൊപ്പമുണ്ടായിരുന്ന, എന്റെ ബന്ധുവായ, ... പേര്.... മറന്നു ; നല്ല വിനയവും മര്യാദയുമുള്ള....”
"ആ ഞങ്ങള്‍ കണ്ടില്ല".
എല്ലാം നഷ്ടപ്പെട്ട് , ഇനിയെങ്ങനെ വീടെത്തും എന്ന് വിലപിച്ച് , അയാള്‍ പെരുവഴിയില്‍ നിന്നു



ഓരോ ഇലക്ഷന്‍ കാലത്തും നമ്മുടെ അഭ്യുദയകാംഷി എന്ന് പരിചയപ്പെടുത്തി, അതി വിനയത്തോടെ, ചിലര്‍ നമ്മുടെ മുന്നിലെത്തും. നമ്മുടെ ബാഗ് (വോട്ട്) തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. അത് കിട്ടാന്‍ വേണ്ടി ഏത് തന്ത്രവും അവര്‍ പ്രയോഗിക്കും. അത് കിട്ടിക്കഴിഞ്ഞാല്‍, അവര്‍ മുങ്ങും. പിന്നെ അവരെ കാണാന്‍ കൂടി കിട്ടില്ല. അഥവാ കണ്ടാല്‍ത്തന്നെ, അവര്‍ രാജാവിനെപ്പോലെ, ഉയര്‍ന്ന ഇരിപ്പിടത്തില്‍ ഇരിക്കുന്നുണ്ടാവും. ഇത്തവണ കാണുമ്പോള്‍, നാം അവരുടെ പാദം നമസ്കരിക്കേണ്ടി വരും. നമ്മെ അവര്‍ക്ക് ഒരു പരിചയവും ഉണ്ടായിരിക്കുകയില്ല ;നമ്മുടെ കാര്യത്തില്‍ താല്പര്യവും.

ഇതാ വീണ്ടും ഒരു ഇലക്ഷന്‍ കാലം. ഇത്തരക്കാര്‍ പലരും ഇതിനകം നമ്മെ വന്ന് കണ്ട് കഴിഞ്ഞിരിക്കും. പക്ഷെ നമ്മുടെ ബാഗ് അവര്‍ തട്ടിയെടുത്ത് കഴിഞ്ഞട്ടില്ല , അതിപ്പോഴും നമ്മുടെ കയ്യില്‍ത്തന്നെയുണ്ട്, എന്നത് ആശ്വാസകരം. അവരുടെ കെണിയില്‍ നമുക്ക് വീഴാതിരിക്കാം.

നമ്മുടെ വോട്ട് , വലിയ പ്രഹരശേഷിയുള്ള ഒരായുധമാണ് . അതിന് നിര്‍മ്മിക്കാനും നശിപ്പിക്കാനും കഴിയും ; ഗവണ്‍മെന്റിനെയും തദ്വാരാ രാജ്യത്തെയും. അത് മദ്യത്തിനോ പണത്തിനോ സമ്മാനങ്ങള്‍ക്കോ ജാതിക്കോ മതത്തിനോ വേണ്ടി നമുക്ക് വില്‍ക്കാതിരിക്കാം. അത് നമ്മുടെ ആത്മാഭിമാനമാണ്. അത് ഒരു ഭാരതീയന് മറ്റെന്തിനേക്കാളും വിലയേറിയതാണ് . ഈ തെരഞ്ഞെടുപ്പ് യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ആയിത്തീരട്ടെ.






(കടപ്പാട് :-സത്യമേവ ജയതേ സീസണ്‍ -2 എപ്പിസോഡ് -3)